സീ കേരളം ചാനല്‍ ഒരുക്കുന്ന ചെമ്പരത്തി സീരിയല്‍ സാരി കണ്ടസ്റ്റ്
സീ കേരളത്തിലെ ജനപ്രിയ സീരിയലായ ചെമ്പരത്തി 500-ാം എപ്പിസോഡ് പൂർത്തിയാക്കുകയാണ് ഈയാഴ്ച. പ്രേക്ഷകപ്രീതിയിൽ മുൻപന്തിയിൽ നിൽക്കുന്ന മലയാള സീരിയലുകളിൽ ഒന്നാണ് ചെമ്പരത്തി. 500 എപ്പിസോഡുകൾ പിന്നിടുന്നതിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കിടാൻ സീ കേരളം ഒരു ചോദ്യോത്തര മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 17 മുതൽ 21 വരെ വൈകുന്നേരം 7:00 മണിക്ക് ചെമ്പരത്തി സീരിയലിന്റെ ഇടവേളകളിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നല്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന 100 പേർക്ക് സീരിയലിലെ മുഖ്യകഥാപാത്രം അഖിലാണ്ഡേശ്വരി അണിയുന്ന തരത്തിലുള്ള പ്രൗഢമായ സാരികൾ സമ്മാനമായി നൽകും.
ഡോ: എസ് ജനാർദ്ദനൻ സംവിധാനം ചെയ്യുന്ന ചെമ്പരത്തി 2018 നവംബറിലാണ് സീ കേരളത്തിൽ സംപ്രേഷണം ആരംഭിക്കുന്നത്. ഏറെ പ്രശംസ പിടിച്ചുപറ്റിയ സീരിയലാണ് ചെമ്പരത്തി. കല്യാണി എന്ന സാധു പെൺകുട്ടിയുടെ കഥ പറയുന്നതാണ് സീരിയൽ. അഖിലാണ്ഡേശ്വരി എന്ന സമ്പന്നയായ സ്ത്രീയുടെ വീട്ടിൽ സഹായത്തിന് നിൽക്കുന്ന പെൺകുട്ടിയാണ് കല്യാണി. കല്യാണിയും അഖിലാണ്ഡേശ്വരിയുടെ മകൻ ആനന്ദും തമ്മിൽ പ്രണയത്തിലാണ്. വീട്ടുജോലിക്കാരിയായ കല്യാണിക്ക് പക്ഷേ ആ വീട്ടിൽ നേരിടേണ്ടി വരുന്നത് പ്രയാസങ്ങൾ മാത്രമാണ്. അതിനെ അതിജീവിക്കാൻ അവൾ നടത്തുന്ന ശ്രമങ്ങളാണ് ഈ സീരിയലിന്‍റെ ഇതിവൃത്തം. അമല ഗിരീശൻ ആണ് കല്യാണിയുടെ വേഷത്തിലെത്തുന്നത്. അഖിലാണ്ഡേശ്വരിയായി താര കല്യാണും മകൻ ആനന്ദായി സ്റ്റെബിൻ ജേക്കബും എത്തുന്നു.
സീ കേരളം സീരിയല്‍ ഓണ്‍ലൈന്‍
ചുരുങ്ങിയ കാലം കൊണ്ട് അഖിലാണ്ഡേശ്വരിയുടെ വേഷപ്പകർച്ച മികച്ചതാക്കി കൊണ്ടാണ് താര കല്യാൺ ഒരിടവേളക്ക് ശേഷം മിനി-സ്ക്രീനിൽ എത്തുന്നത്. “ഈ ഒരു പ്രൊജക്റ്റിന്റെ വലുപ്പം ഒട്ടും തന്നെ അറിയാതെയാണ് ഞാൻ പ്രോജക്റ്റ് കമ്മിറ്റ് ചെയ്തത്. ജനാർദ്ദനൻ സാറുമായി എനിക്ക് ഒരുപാട് കാലത്തെ സൗഹൃദം ഉണ്ട് . അതുകൊണ്ടു തന്നെ അഖിലാണ്ഡേശ്വരി എന്ന ഈ കഥാപാത്രം ചെയ്യാനായി ജനാർദ്ദനൻ സാർ എന്നെ വിളിച്ചപ്പോൾ ഞാൻ മറ്റൊന്നും തന്നെ ചിന്തിച്ചില്ല. പക്ഷെ വന്ന് അഭിനയിച്ചു കഴിഞ്ഞപ്പോൾ ഈ പ്രൊജക്റ്റിന്റെ വലുപ്പം എനിക്ക് മനസ്സിലായി. 450 എപ്പിസോഡ് ഞാൻ എന്ന ആർട്ടിസ്റ്റിലൂടെ ഒരു അണു പോലും താഴേക്ക് പോകാതിരിക്കണമേ എന്ന് ഞാൻ പ്രാർത്ഥിച്ചു.
എനിക്ക് ആത്മവിശ്വാസം നൽകി എന്നെ മുന്നോട്ടു നയിച്ചത് ചെമ്പരത്തി ടീം അംഗങ്ങളും എന്റെ കുടുംബവുമാണ്. എന്തായാലും ആദ്യത്തെ ടെലികാസ്റ്റിനു ശേഷം ഒരുപാട് നല്ല റിവ്യൂസ് കിട്ടിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. എന്തായാലും പ്രേക്ഷകരുടെ പിന്തുണയോടെ ഈ സീരിയൽ ഇതുപോലെ വിജയകരമായ് മുന്നേറട്ടെ എന്ന് പ്രാർത്ഥിക്കുന്നു”,താര കല്യാൺ പറയുന്നു. അമല ഗിരീശനും ഏറെ പ്രേക്ഷക പ്രീതി നേടിക്കൊടുത്ത കഥാപാത്രമാണ് കല്യാണിയുടേത്. “ഒരു അഭിനയത്രി എന്ന നിലയിൽ കല്ല്യാണി എന്ന കഥാപാത്രം ചെയ്യാൻ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു.ഏറെ അഭിനയ സാധ്യത ഉള്ള കഥാപാത്രം ആണ് കല്ല്യാണി. പ്രേക്ഷകരുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് ഇവിടം വരെ എത്താൻ സാധിച്ചത്. ഇനിയും ചെമ്പരത്തിക്കും കല്യാണിക്കും ആ പിന്തുണ പ്രതീക്ഷിക്കുന്നു”, അമല പറയുന്നു.
നായകനായ സ്റ്റെബിനും ഏറെ സന്തോഷത്തോടെയാണ് ഈ നേട്ടത്തെ കാണുന്നത്. കൂടെ കൈപിടിച്ച് നടത്തിയ മാതാപിതാക്കൾ , ഗുരുക്കന്മാർ, ഒരിക്കൽ പോലും കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്ത ഒരുപാട് ആളുകളുടെ സ്നേഹം. ഇതൊക്കെ കൊണ്ടാണ് ഇത്രയും നാൾ മികച്ച രീതിയിൽ ഈ സീരിയലിനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എന്നാണ് സ്റ്റെബിൻ പറഞ്ഞത്.