പ്രസന്ന മാസ്റ്റർ – ഡാൻസ് കേരള ഡാൻസ് സീസൺ 2 ജഡ്ജ്
“സീ കേരളം ഡാൻസ് കേരള ഡാൻസിന്റെ ആദ്യ സീസണിന്റെ ഭാഗമാവാൻ കഴിയാഞ്ഞതിൽ സങ്കടമുണ്ടായിരുന്നു.” ഡാൻസ് കേരള ഡാൻസ് സീസൺ 2 വിശേഷങ്ങൾ പങ്കു വെച്ച് ജനപ്രിയ നൃത്തസംവിധായകൻ പ്രസന്ന മാസ്റ്റർ.
1) ചെറിയൊരിടവേളക്ക് ശേഷം റിയാലിറ്റി ഷോ വിധികർത്താവായി തിരികെയെത്തുമ്പോൾ എന്താണ് തോന്നുന്നത്?
നമ്മൾ എല്ലാവരും രണ്ടു വർഷമായി കോവിഡ് മഹാമാരി ഭീതിയിൽ വീടിനുള്ളിൽ അടച്ചിരിക്കുകയായിരുന്നല്ലോ, ക്യാമറക്കു മുൻപിലേക്ക് തിരികെയെത്തുമ്പോൾ തികച്ചും സന്തോഷം നിറഞ്ഞ ഒരു അവസ്ഥയാണുള്ളത്. അത് സീ കേരളം പോലുള്ള ഒരു ജനപ്രിയ ചാനലിലെ ജനപ്രിയ ഡാൻസ് റിയാലിറ്റി ഷോയുടെ വിധികർത്താവായി കൂടിയാകുമ്പോൾ ഇരട്ടിമധുരം.
2) മറ്റു ഡാൻസ് റിയാലിറ്റി ഷോകളിൽ നിന്നും ഡാൻസ് കേരള ഡാൻസിനെ വ്യത്യസ്തമാക്കുന്നതെന്താണ്?
ഡാൻസ് കേരള ഡാൻസിനെ മറ്റു റിയാലിറ്റി ഷോകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് തീർച്ചയായും ഡാൻസ് കേരള ഡാൻസ് സീസൺ 2 മത്സരാർഥികൾ തന്നെയാണ്. ഓഡിഷൻ മുതൽക്കു തന്നെ പ്രതീക്ഷകൾക്കപ്പുറം ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച നർത്തകരുടെ മത്സരകാഴ്ചകൾക്കായി ഞാനും കാത്തിരിക്കുകയാണ്. കൂടാതെ ഡാൻസ് കേരള ഡാൻസിന്റെ ഷൂട്ടിംഗ് അന്തരീക്ഷവും എനിക്കേറെ ഇഷ്ടമാണ്. കൂടെ വർക്ക് ചെയ്യുന്ന ഓരോരുത്തരും അവതാരകരുമെല്ലാം ഓരോ നിമിഷവും രസകരമാക്കുന്നുണ്ട്.
3) ഡാൻസ് കേരള ഡാൻസിൽ പ്രസന്ന മാസ്റ്റർ എന്ന കോറിയോഗ്രാഫറെ ആവേശഭരിതനാക്കുന്നത് എന്താണ്?
കേരളത്തിലെ നമ്പർ 1 റിയാലിറ്റി ഷോയായ ഡാൻസ് കേരള ഡാൻസിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. മറ്റു ഷോകളിൽ നിന്ന് വ്യത്യസ്തമായി പ്രായപരിധിയെന്ന സ്ഥിരം മാനദണ്ഡത്തെ കാറ്റിൽപ്പറത്തി 6 മുതൽ 60 വയസ്സു വരെയുള്ള കഴിവുറ്റ കലാകാരന്മാരാണ് ഈ പരിപാടിയിൽ മാറ്റുരക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ കുട്ടികലാകാരന്മാരുടെ കൂടെയുള്ള നിമിഷങ്ങൾ ഏറെ പ്രിയപ്പെട്ടതാണ്.
4) ഡാൻസ് കേരള ഡാൻസിന്റെ വിധികർത്താവായി ഇത് വരെയുള്ള അനുഭവം വിവരിക്കാമോ?
സീ കേരളം കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് വളരെക്കാലമായുള്ളൊരു സ്വപ്നസാക്ഷാത്കാരമാണ്. ഡാൻസ് കേരള ഡാൻസിന്റെ ആദ്യ സീസണിന്റെ ഭാഗമാവാൻ കഴിയാഞ്ഞതിൽ സങ്കടമുണ്ടായിരുന്നു. എന്നാൽ ഈ സീസണിൽ വിധികർത്താവായെത്തുമ്പോൾ ഏറെ സന്തോഷമുണ്ട്.
5) ഡാൻസ് കേരള ഡാൻസിന്റെ വിവിധ മത്സര വിഭാഗങ്ങളെപ്പറ്റി?
പ്രധാനമായും സോളോ, ഡ്യുയറ്റ്, ഗ്രൂപ്പ് തുടങ്ങി മൂന്ന് മത്സര വിഭാഗങ്ങളാണ് ഡാൻസ് കേരള ഡാൻസിലുള്ളത്. അതിൽ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് ചെറിയ കുട്ടികളുടെ പ്രകടനങ്ങളാണ്. കുട്ടികൾ ശെരിക്കും മുതിർന്നവർക് വെല്ലുവിളി തന്നെ ആവും എന്നതിൽ സംശയമില്ല.
6) സഹ- വിധികർത്താക്കളെപ്പറ്റി ?
എന്നോടൊപ്പം മിയ, ഐശ്വര്യ രാധാകൃഷ്ണൻ എന്നിവരാണ് ഡാൻസ് കേരള ഡാൻസിന്റെ വിധികർത്താക്കളായെത്തുന്നത്. മിയയെ എനിക്ക് നേരത്തെ തന്നെ പരിചയമുണ്ട്. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. മലയാളികൾക്ക് ഐശ്വര്യ പുതിയ മുഖമാണെങ്കിലും ഈ ഷോയിലൂടെ ഏറ്റവും കൂടുതൽ ആരാധകരുണ്ടാകാൻ പോകുന്നത് ഐശ്വര്യ രാധാകൃഷ്ണൻ എന്ന ഇന്ത്യയിലുടനീളം മികവുറ്റ നൃത്ത പ്രകടനങ്ങളാൽ പ്രശസ്തി നേടിയ മലയാളിയായ നൃത്തസംവിധായകയ്ക്കായിരിക്കും. പിന്നെ എടുത്ത് പറയാനുള്ളത് ഡാൻസ് കേരള ഡാൻസിന്റെ അവതാരകനായ ശില്പ, അരുൺ കൂട്ടുകെട്ടാണ്. ചിരി നിറഞ്ഞ നിരവധി നിമിഷങ്ങൾക്ക് വരും എപ്പിസോഡുകൾ സാക്ഷിയാകുന്നുണ്ട്.
7) സീ കേരളം കുടുംബത്തിന്റെ ഭാഗമാകുമ്പോൾ എന്താണ് തോന്നുന്നത് ?
സീ കേരളത്തിന്റെ ഭാഗമാവുകയെന്നത് എനിക്ക് ഒരു സ്വപ്നസാക്ഷാത്കാരം പോലെയാണ്. ഇന്ത്യയിലുടനീളം ഖ്യാതി നേടിയ സീ നെറ്റ് വർക്കിൻ്റെ കുടുംബത്തിൽ അംഗമാകുമ്പോൾ ഏറെക്കാലത്തെ സ്വപ്നം നേടിയെടുത്ത നിറവിലാണ് ഞാനിപ്പോൾ.
ഡാൻസ് കേരള ഡാൻസ് സീസൺ 2 ശനിയും ഞായറും രാത്രി 9 മണിക്ക്