പ്രേക്ഷക ഹൃദയം കീഴടക്കി മലയാളം വെബ് സീരീസ് പേരില്ലൂർ പ്രീമിയർ ലീഗ്
“പേരില്ലൂർ” എന്ന ഗ്രാമത്തിലെ സൂപ്പർ നാച്ചുറൽ ആളുകളെ കോർത്തിണക്കി ഡിസ്‌നി+ഹോട്സ്റ്റാർ ഒരുക്കിയ പേരില്ലൂർ പ്രീമിയർ ലീഗിന് പ്രേക്ഷകരുടെ ഇടയിൽ മികച്ച പ്രതികരണം. ഒരേസമയം രാഷ്ട്രീയവും കുടുംബബന്ധങ്ങളും കോർത്തിണക്കിയാണ് ഓരോ എപ്പിസോഡും കടന്നു പോകുന്നത്. ശ്രീക്കുട്ടൻ, മാളവിക താര ജോഡികൾ ആയി സണ്ണി വെയ്‌നും നിഖില വിമലും എത്തിയപ്പോൾ അതൊരു മികച്ച കാസ്റ്റിങ് തന്നെയാണ് എന്നാണ് പ്രേക്ഷകരുടെ നിഗമനം.
മാലയിലെ മുത്തുകൾ പോലെ ഉപകഥകൾ കോർത്തെടുത്തിരിക്കുകയാണ് ഈ വെബ്‌സീരിസിൽ എന്നും വിരുന്നുകാരെ നാട്ടുകാരാക്കുന്ന മാജിക് ആണ് ഇതിൽ ഉള്ളതെന്നും മാധ്യമങ്ങൾ പറയുന്നു. തൻ്റെ അനന്തരവളെ തന്ത്രപരമായി തിരഞ്ഞെടുപ്പിൽ പ്രതിഷ്ഠിക്കുന്ന പീതാംബരൻ്റെ രാഷ്ട്രീയ കുതന്ത്രങ്ങളാണ് പേരിലൂരിൻ്റെ ഇതിവൃത്തം. ഒരു പഞ്ചായത്തിലെ രാഷ്ട്രീയ തന്ത്രങ്ങൾ, ത്രികോണ പ്രണയം തുടങ്ങിയവ നർമ്മത്തിൽ പറഞ്ഞു പ്രേക്ഷകരെ പേരില്ലൂരിലേക്ക് സ്വാഗതം ചെയ്യുന്ന വിധത്തിൽ രചന നിർവഹിച്ചിരിക്കുന്നു എന്നാണ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മലയാളം വെബ് സീരീസ്
നമുക്ക് സുപരിചിതരായ നടി, നടന്മാരുടെ വേറിട്ടൊരു പ്രകടനമാണ് ഈ സീരിസിൽ കാണാൻ സാധിക്കുന്നത് എന്നാണ് മറ്റൊരു മാധ്യമം ചൂണ്ടി കാണിക്കുന്നത്. മറ്റൊരു റിവ്യൂവർ ഇങ്ങനെ പറയുന്നു, ഏത് പ്രായത്തിൽ ഉള്ള ആളുകളെയും രസിപ്പിക്കുന്ന സീരിസ് ആണെന്നും അതിലെ എണ്ണമറ്റ കഥാപാത്രങ്ങളെ കാണുന്നത് വളരെ ആകാംക്ഷ നിറഞ്ഞതായും കൂട്ടിച്ചേർക്കുന്നു, പ്രത്യേകിച്ച് അജു വർഗീസ് ചെയ്ത് കഥാപാത്രമായ സൈക്കോ ബാലചന്ദ്രൻ.
പി എച് ഡി ചെയ്യാൻ മുൻകയ്യെടുത്ത് നിന്ന മാളവികയെ അമ്മാവൻ പീതാംബരൻ നിർബന്ധിച്ചു തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയും തുടർന്നുള്ള വിജയത്തിനൊടുവിൽ മാളവികയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും, അതേ തുടർന്ന് മാളവികക്ക് ഉണ്ടാകുന്ന കാഴ്ചപ്പാടുകളുമാണ് തുടർന്നുള്ള എപ്പിസോഡുകളിൽ കാണാൻ സാധിക്കുന്നത്. E4 എന്റർടൈൻമെന്റിൻ്റെ ബാനറിൽ മുകേഷ് ആർ മേഹ്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിച്ച് പ്രവീൺ ചന്ദ്രൻ സംവിധാനം ചെയ്ത പേരില്ലൂർ പ്രീമിയർ ലീഗ് മലയാളത്തിനൊപ്പം മറ്റ് ഭാഷകളിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.