മലയാളികളുടെ മനസ്സിൽ മൊഞ്ചുള്ള മുഹൂർത്തങ്ങൾ കോറിയിട്ട സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ മൈലാഞ്ചി വീണ്ടും വരികയാണ്. കഴിഞ്ഞ ആറ് സീസണുകൾ പ്രേക്ഷകർ നെഞ്ചേറ്റിയ ഈ ജനകീയ റിയാലിറ്റി ഷോ “മൈലാഞ്ചി 2022” എന്ന പേരിലാണ് ഇത്തവണ ടെലിവിഷൻ സ്‌ക്രീനിൽ എത്തുക. പുതിയ സീസൺ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ അഞ്ച് വർഷമായി മൈലാഞ്ചിയെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകർ ആഹ്ലാദത്തിമിർപ്പിലാണ്.
ആഗസ്റ്റ് പകുതിയോടെ ഓഡിഷൻ ആരംഭിക്കുവാനാണ് മൈലാഞ്ചിയുടെ അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. കേരളത്തിലെയും മിഡിൽ ഈസ്റ്റിലെയും ലഭക്കണക്കിന് മാപ്പിളപ്പാട്ട് ആരാധകരെ കോരിത്തരിപ്പിച്ച റിയാലിറ്റി ഷോ ഏഷ്യാനെറ്റിലൂടെ തന്നെയായിരിക്കും ടെലികാസ്റ്റ് ചെയ്യുക. 18 വയസ്സിന് മുകളിലുള്ളവർക്കാണ് ഷോയിൽ പാടാൻ അവസരം ലഭിക്കുക.റിയാലിറ്റി ഷോ സ്പെഷ്യലിസ്റ്റും ടെലിവിഷൻ മീഡിയ ഏറ്റെടുത്ത നിരവധി ഹിറ്റ് പ്രോഗ്രാമുകളുടെ ഡയറക്ടറും കൂടിയായ സർഗോ വിജയരാജ് ആണ് മൈലാഞ്ചി 2022-ന്റെ അമരക്കാരൻ. ഒപ്പം മാപ്പിളപ്പാട്ടിനെ ഏറെ ജനകീയമാക്കിയ അതിലൂടെ തന്റെതായ സ്ഥാനമുറപ്പിച്ച സൂപ്പർ സിംഗറും മൈലാഞ്ചി ചീഫ് ജഡ്ജുമായ കണ്ണൂർ ഷെരീഫും ഒന്നിക്കുന്നു. മൈലാഞ്ചിയുടെ കഴിഞ്ഞ 6 സീസണുകളും വൻ ഹിറ്റായിരുന്നു.
ഏഷ്യാനെറ്റിൽ ആരംഭിച്ച മൈലാഞ്ചിയുടെ അവസാന സീസൺ നടന്നത് 2017-ലാണ്. റിയാലിറ്റി ഷോകളുടെ വേറിട്ട കാഴ്ച്ച വിരുന്ന് തന്നെ പ്രേക്ഷകർക്ക് നൽകിയ മൈലാഞ്ചി മാപ്പിളപ്പാട്ട് എന്ന കലയുടെ മലയാളിത്തം ദേശങ്ങൾക്കപ്പുറം എത്തിക്കുക കൂടി ചെയ്തു. ഏഷ്യാനെറ്റ് മൈലാഞ്ചി, സീ കേരളം സരിഗമപ തുടങ്ങിയ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോകൾ നയിച്ച സർഗോ- കണ്ണൂർ ഷെരീഫ് കോമ്പോ വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് മൈലാഞ്ചി പ്രേക്ഷകർ.