ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക്
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – ഡിസ്നി + ഹോട്ട്സ്ടാറില്‍ കിഷ്കിന്ധാ കാണ്ഡം
ദുരൂഹതകളിലൂടെ പ്രേക്ഷകമനസ്സിനെ കീഴ്പ്പെടുത്തിയ മലയാളത്തിലെ ഇമോഷണൽ മിസ്റ്ററി ത്രില്ലർ കിഷ്കിന്ധാ കാണ്ഡം നവംബർ 19 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. ബാഹുൽ രമേഷ് രചനയും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്ന ഈ മിസ്റ്ററി ത്രില്ലറിൻ്റെ സംവിധാനം ദിൻജിത്ത് അയ്യത്താനാണ്. ഗുഡ്‌വിൽ എന്റർടെയിൻമെൻ്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ, ജഗദീഷ്, അശോകൻ, ഷെബിൻ ബെൻസൺ, വൈഷ്ണവി രാജ്, മാസ്റ്റർ ആരവ്, മേജർ രവി, നിഴൽഗൽ രവി, നിഷാൻ, അർജുൻ അമ്പാട്ട, ശ്രാവൺ കെ ദേവ് എന്നിവർ ഈ മിസ്റ്ററി ത്രില്ലറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഥ
ഒരു തറവാട്ടിലെ മൂന്ന് ജീവിതങ്ങളെ കുറിച്ചുള്ള കഥ, നമ്മൾ കണ്ട് പരിചയിച്ച സസ്പെൻസിനെക്കാൾ അപ്പുറം സഞ്ചരിക്കുന്നു. മൂന്നു വ്യത്യസ്ത വ്യക്തിത്വങ്ങളായ അപ്പു പിള്ള, മകൻ അജയചന്ദ്രൻ, അജയന്റെ ഭാര്യ അപർണ എന്നിവരിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അപ്പു പിള്ളയുടെ കാണാതായ തോക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്.
ഭർത്താവിന്റെ കുടുംബത്തെക്കുറിച്ച് ആകാംക്ഷയുള്ള അപർണ, മറഞ്ഞിരിക്കുന്ന സത്യങ്ങൾ വെളിപ്പെടുത്താൻ സ്വന്തം അന്വേഷണത്തിലേക്ക് കടക്കുന്നതിലൂടെ കഥ കൂടുതൽ ആകാംക്ഷഭരിതമാകുന്നു.
മലയാളം ഓടിടി റിലീസ്
വൈവിധ്യമാർന്ന കഥാമുഹൂർത്തങ്ങൾ, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥനരീതി, ഒട്ടേറെ പുതുമകളും പ്രത്യേകതകളും നിറഞ്ഞ കഥാപാത്രങ്ങൾ എന്നിവ കിഷ്കിന്ധാകാണ്ഡത്തെ വേറിട്ട് നിർത്തുന്നു.
സൂരജ് ഇ.എസ് എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം മുജീബ് മജീദാണ്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് കിഷ്കിന്ധാകാണ്ഡം സ്ട്രീമിംഗ് ചെയ്യുന്നത്.മനസ്സിനെ സ്പർശിക്കുന്ന മനോഹര ദൃശ്യാനുഭവം കാണാതെ പോകരുത്. നവംബർ 19 മുതലാണ് കിഷ്കിന്ധാ കാണ്ഡം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്.