ലിബിൻ സ്കറിയ സരിഗമപ കേരളം ആദ്യ സീസൺ വിജയി
കാത്തിരിപ്പിന് ഒടുവിൽ ക്ലൈമാക്സ്. സീ കേരളത്തിലെ ജനപ്രിയ സംഗീത റിയാലിറ്റി ഷോ ആയ സരിഗമപ കേരളം ആദ്യ സീസൺ വിജയിയായി തൊടുപുഴ സ്വദേശി ലിബിൻ സ്കറിയയെ തിരഞ്ഞെടുത്തു. ലിബിന് 25 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. സ്വന്തത്രിയ സരിഗമപ കേരളം ഗ്രാൻഡ് ഫിനാലെക്കൊടുവിലാണ് ലിബിനെ വിജയിയായി പ്രഖ്യാപിച്ചത്. ഏറെ ഉദ്വേഗം നിറഞ്ഞ ഫൈനലിൽ ഓരോ മത്സരാർത്ഥിയും ഇഞ്ചോട് ഇഞ്ച് മികച്ചു നിന്നു.
വിജയികള്‍
അശ്വിൻ വിജയൻ, ജാസിം ജമാൽ എന്നിവരെ സംയുക്തമായി ഒന്നാം റണ്ണർ അപ്പ് ആയി തിരഞ്ഞെടുത്തു. ഇരുവർക്കും സമ്മാനത്തുകയായ 10 ലക്ഷം രൂപ ലഭിക്കും. രണ്ടാം റണ്ണറപ്പായി ശ്വേതാ അശോകും, നാലാം സ്ഥാനത്ത് ശ്രീജീഷിനെയും ജൂറി തിരഞ്ഞെടുത്തു. ഇരുവർക്കും സമ്മാനത്തുകയായ 5 ലക്ഷവും, 2.5 ലക്ഷവും ലഭിക്കും. അഞ്ചാം സ്ഥാനക്കാരിയായ കീർത്തനക്ക് 2 ലക്ഷം സമ്മാനം ലഭിക്കും. സരിഗമപ കേരളം ബെസ്ററ് പെർഫോർമർ പുരസ്‌കാരമായ ഒരു ലക്ഷം രൂപക്ക് അക്ബർ ഖാൻ അർഹനായി.
തൊടുപുഴ സ്വദേശിയായ ലിബിൻ സ്കറിയ എം എഡ് വിദ്യാർത്ഥിയാണ്. വളരെ ചെറുപ്പം മുതലേ പാട്ടു പഠിക്കുന്ന ലിബിന് ഒരു മികച്ച പിന്നണി ഗായകനാകാനാണ് താല്പര്യം. സരിഗമപ കേരളം ആദ്യ സീസൺ വിജയിയാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്ന് ലിബിൻ പറഞ്ഞു. “ഞാൻ വിജയിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. എല്ലാവരും മികച്ച രീതിയിലാണ് ഫിനാലെയിൽ പാടിയത്. എന്റെ വിജയം തികച്ചും അപ്രതീക്ഷിതമായി, ”ലിബിൻ പറഞ്ഞു.
സീ കേരളം
നടി ഭാവന ഗ്രാൻഡ് ഫിനാലെയിൽ മുഖ്യാതിഥിയായിരുന്നു. സംഗീതസംവിധായകരായ ഗോപി സുന്ദർ, ഷാൻ റഹ്മാൻ എന്നിവരായിരുന്നു വിധികർത്താക്കൾ. കോവിഡ് കാരണം ഷോയുടെ മറ്റൊരു വിധികർത്താവായിരുന്ന ഗായിക സുജാതയ്ക്ക് ചെന്നൈയിൽ നിന്ന് എത്താൻ കഴിഞ്ഞില്ല, പകരം ഗ്രാൻഡ് ഫൈനലിൽ മൂന്നാം ജഡ്ജിയായി ഗായിക സിതാര കൃഷ്ണകുമാർ എത്തി.
25 വര്‍ഷം പൂർത്തിയാക്കിയ സരിഗമപ ഷോയുടെ ആദ്യ മലയാള എഡിഷന് അങ്ങനെ പര്യവസാനമായി. സരിഗമപ കേരളം ഷോയിൽ പങ്കെടുത്ത മിക്കവരെയും പിന്നണി ഗായകരാക്കാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തോടെ സരിഗമപ രണ്ടാം സീസണിലേക്ക് കടക്കുകയാണ്.